
Activities
ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും മണ്ണിന്‍റെ ഘടനയ്ക്കും ജലലഭ്യതയ്ക്കും സംസ്കാരത്തിനും ഭക്ഷണശീലങ്ങൾക്കും അനുസരിച്ച് ഓരോ ഗുണങ്ങളെയും തിരിച്ചറിഞ്ഞ് കര്‍ഷകര്‍ കാലങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പിലൂടെ ഉരുത്തിരിച്ചെടുത്തവയാണ് നാടൻ നെൽവിത്തുകള്‍.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ, വരണ്ട പ്രദേശങ്ങളിൽ, ചതുപ്പ് നിലങ്ങളിൽ, തണുപ്പ് കൂടിയ സ്ഥലങ്ങളിൽ ഇങ്ങനെ വ്യത്യസ്ത പ്രദേശങ്ങൾക്കനുയോജ്യമായ നാടൻ നെൽവിത്തുകളുണ്ട്. ഓരുവെള്ളത്തില്‍ വളരുന്ന ഇനങ്ങളാണ് ഓര്‍ക്കയമ, ഓര്‍ത്തടിയന്‍, കുതിർ, പൊക്കാളി തുടങ്ങിയ ഇനങ്ങള്‍. വെള്ളക്കെട്ടിനെ ചെറുത്ത് വളരാന്‍ ശേഷിയുള്ളവയാണ് കുട്ടാടനും കൊടിയനും. വെള്ളം കുറവുള്ളിടങ്ങളില്‍ വളരുന്നവയാണ് കട്ടമോടനും പറമ്പുവട്ടനും. ഗന്ധമുള്ള ഇനങ്ങളാണ് ഗന്ധകശാലയും മുള്ളന്‍കയമയും. കരയില്‍ വിളവു തരുന്ന വിത്തുകളാണ് കല്ലടിയാര്യനും പെരുവാഴയും. ഞവര, കുഞ്ഞിനെല്ല്, ചെന്നെല്ല് എന്നിവ ഔഷധഗുണമുള്ളവയാണ്. ഇങ്ങനെ ചോറിന്, അവിലിന്, മലരിന് പലഹാരത്തിന്, പായസത്തിന് ഔഷധത്തിനുമെല്ലാം വേണ്ടി വ്യത്യസ്ത വിത്തുകള്‍ കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തുപോന്നിരുന്നു കർഷകർ. ഹരിതവിപ്ലവത്തിന് ശേഷം സങ്കരയിനം വിത്തുകളുടെ വരവോടു കൂടി പലവിത്തുകളും നമുക്ക് നഷ്ടമായി. വിത്ത് സംരക്ഷിക്കുന്ന ശീലവും കർഷകർക്കില്ലാതായി.
കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പരിശ്രമത്താൽ ഇന്ത്യയിൽ പലയിടങ്ങളിലും നാടൻ വിത്തുകൾ വീണ്ടെടുക്കാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിലും നാടൻ വിത്ത് കൃഷി ചെയ്യുന്ന കർഷകരും കൂട്ടായ്മകളും ഇപ്പോളേറെയുണ്ട്. അതുകൊണ്ടൊക്കെ നാടൻ വിത്തുകളുടെ ഉൽപാദനം കൂടിവരുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നല്കുന്നതാണ്.
കൊയ്ത്ത് മെതി യന്ത്രങ്ങളുടെ വരവോടു കൂടി നെല്ലിലും അരിയിലും കലർപ്പ് കലരാരാൻ തുടങ്ങിയിട്ടുണ്ട്. അത് വിത്തിലേക്ക് ബാധിച്ചിരിക്കുന്നു.
വിത്ത് ശേഖരിക്കുമ്പോൾ കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ കലർപ്പ് വരാൻ സാധ്യത കൂടുതലാണ്. അത് വിത്തുകളുടെ ജനിതക ശുദ്ധി നഷ്ടമാകാൻ കാരണമാകും. ഏറെക്കാലങ്ങൾക്കൊണ്ട് കർഷകർ ഉരുത്തിരിച്ചെടുത്ത വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ള വിത്തുകളുടെ രുചിയും വൈവിധ്യവും കലർപ്പ് കാരണം നഷ്ടമാകും!
ഇക്കാരണങ്ങൾ പരിഗണിച്ച് കോയമ്പത്തൂരിലെ ‘ബയോ ബേസിക്സ്’ എന്ന സ്ഥാപനം മുൻകൈയ്യെടുത്ത് ഈ മേഘലയിൽ പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളെയും ചേർത്ത് ‘അകവയൽ’ എന്ന കൂട്ടായ്മക്ക് രൂപം കൊടുത്തിരിക്കുകയാണ്. നാടൻ നെൽവിത്ത് കൃഷി ചെയ്യുന്നവർക്ക് സഹായങ്ങൾ നൽകുകയും അതോടൊപ്പം നെല്ലിന്റെയും വിത്തിന്റെയും വ്യത്യസ്ത സ്വഭാവ ഗുണങ്ങൾ പരിചയപ്പെടുത്തി കർഷകർക്ക് എങ്ങിനെ നല്ല വിത്തുകള്‍ തെരഞ്ഞെടുക്കാം എന്നതിനുള്ള പരിശീലനവും ‘അകവയൽ’ എന്ന കൂട്ടായ്മയുടെ ഭാഗമായി നടത്തുന്നു.
കാലാവസ്ഥാ വ്യതിയാനം നേരിടുന്ന ഇക്കാലഘട്ടത്തിൽ അതാത് പ്രദേശത്തെ വിത്തുകൾക്ക് പ്രാധാന്യം ഏറുന്നു.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പെട്ടെന്ന് അതിജീവിക്കാനുള്ള ശേഷി നാടൻ വിത്തുകൾക്കുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കൂട്ടായ്മക്ക് പ്രസക്തിയേറെയാണ്.